സ്വാഗതം..

എന്റെ പെരാന്ത് വായിക്കാന്‍ വന്ന എല്ലാവര്‍ക്കും സ്വാഗതം.... പിന്നെ, കമന്റാതെ പോകരുത് കേട്ടോ!

Sunday, April 1, 2007

സ്വപ്നം

ണ്ണുതുറന്നു ചുറ്റും നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടുപോയി: ആരെയും എങ്ങും കാണാനില്ല, ഉറങ്ങാന്‍ കിടന്ന സ്ഥലം കാണാനില്ല, കിളികളുടെ ശബ്ദവും കേള്‍ക്കാനില്ല. ഇരുട്ടാ‍യതുകൊണ്ടല്ല! പക്ഷേ?..കണ്ണ് തുറന്നു പിടിക്കാനാവുന്നില്ല - കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം!

“ഹാ! ഞാനെവിടെയാണ്?“

ഉറങ്ങാന്‍ കിടന്നതോര്‍മ്മയുണ്ട്... വല്ല സ്വപ്നവുമായിരിക്കും. ഫ്രീയല്ലേ! കണ്ടുകളയാം!
ഒരു പുല്‍മേട്ടിലാണ് നില്കുന്നതെന്നു തോന്നുന്നു, ഒരു പുല്‍മെത്തയില്‍ നില്‍ക്കുന്ന അനുഭൂതി! പക്ഷേ കുളിര്‍മ്മയുള്ള പച്ചനിറം കാണാനാവുന്നില്ല... വല്ലാത്ത വെളിച്ചം തന്നെ, മറ്റൊന്നും കാണാനാകുന്നില്ല! തപ്പിത്തടഞ്ഞു നടക്കാം, അല്ലാതെ മറ്റെന്തു ചെയ്യാന്‍?

“പക്ഷേ... വെളിച്ചത്തെ എനിക്കു ഭയമാണ് “

ഇരുട്ടിനെ താല്കാലികമായെങ്കിലും മറയ്ക്കാന്‍ ഒരു തീപ്പെട്ടിക്കൊള്ളി മതി, പക്ഷേ വെളിച്ചമോ? കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിച്ചാല്‍ കണ്‍പോള തുളച്ചെത്തുന്നു !
ഇനി സൂര്യന്‍ മുന്‍പില്‍ പൊട്ടിവീണിട്ടുണ്ടാവുമോ? ഇല്ല! കൊടും തണുപ്പാണ്.

“എന്നെ ആരാണാവോ ഈ നരകത്തില്‍ കൊണ്ടിട്ടത്?“ ഒരല്‍പ്പം ഒച്ചയെടുത്തുപോയി.

“ഇത് നരകമല്ല... സ്വര്‍ഗമാണ് “, എങ്ങുനിന്നോ ഒരു ‘തണുത്ത‘ ശബ്ദം മുഴങ്ങി.

“നിങ്ങളാരാണ്”

“ദൈവം”

“ഏതു ദൈവം...? ആരുടെ ദൈവം?”

“എല്ലാവരുടെയും”

“ഞാന്‍...”

“അറിയാം... ”

“എന്താണീ വെളിച്ചം? ഒന്നും കാണാനാവുന്നില്ല!“

“ഇവിടെ അന്ധകാരമില്ല! ആ വെളിച്ചത്തെ തുലനപ്പെടുത്താന്‍ പോലും!... ഇവിടെയുള്ളത് വെളിച്ചം മാത്രം!”

“പക്ഷെ എനിക്കു വെളിച്ചത്തെ ഭയമാണ് ”

“എനിക്കും!“

“അങ്ങേയ്ക്കും?”

“അതെ... ഇരുട്ടുള്ളിടത്ത് മാത്രമേ വെളിച്ചത്തിനു പ്രസക്തിയുള്ളൂ. വെളിച്ചവും ഭയാനകം തന്നെ!”

“നന്മയും തിന്മയും,വെളിച്ചവും ഇരുട്ടും! എന്താണ് വ്യത്യാസം?”

“വ്യത്യാസം നോക്കുന്നവരുടെ കണ്ണിലാണ്!ഇരുട്ടിന്റെ സൌന്ദര്യം പറഞ്ഞു തീര്‍ക്കാനാവില്ല... വെളിച്ചത്തിന്റേയും... “

കണ്ണുകളില്‍ ഇരുട്ടും വെളിച്ചവും മാറിമാറി വരുന്നു! അതിനിടയില്‍ ചോരയുടെയും പനിനീര്‍പ്പൂവിന്റെയും ഗന്ധങ്ങളും, ‘നിറങ്ങളും’! തല കറങ്ങുന്നു: എല്ലാ വശത്തേയ്ക്കും! എല്ലാം വട്ടം ചുറ്റുന്നു! വെളിച്ചവും ഇരുട്ടും വിഡ്ഡിയുടെ ചങ്ങലക്കണ്ണികളില്‍ മാറി മാറി കടന്നു പോയി... രക്തം തുടിക്കുന്ന ശരീരത്തില്‍ രക്തദാഹവുമായി നില്‍ക്കുന്ന മനുഷ്യര്‍ പുഞ്ചിരിച്ചു... വെളിച്ചം ഭയക്കുന്ന ദൈവത്തോട് തലകുനിച്ചു കാണിച്ചു... എങ്ങു നിന്നോ മണി മുഴക്കങ്ങള്‍... കറുത്ത പക്ഷികള്‍ അലറിക്കരയുന്നു!

No comments: